കേരളത്തിലെത്തുന്ന അമിത്ഷായെ യുവാക്കൾക്ക് നേരില്‍ കാണാം; അവസരം ഒരുക്കാൻ ബിജെപി ഐടി വിഭാഗം

single-img
21 April 2022

ഏപ്രിൽ 29 ന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ നേരില്‍ കാണാന്‍ യുവജനങ്ങള്‍ക്ക് അവസരമൊരുക്കി ബിജെപി തിരുവനന്തപുരം ജില്ലയിലെ ഐ.ടി വിഭാഗം. സംസ്ഥാനത്തെ യുവതീ-യുവാക്കളെ ദേശീയതയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് വിഐപി പാസ് നല്‍കി തിരുവനന്തപുരത്ത് വച്ചു നടക്കുന്ന പൊതു സമ്മേളനത്തിലേക്ക് അഭ്യുദയകാംക്ഷികളെ ക്ഷണിക്കുന്നത്.

നിലവിൽ 18 നും 26 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രത്യേകം തയ്യാറാക്കിയ ഗൂഗിള്‍ ഫോമിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാനാവുക. നിഷ്പക്ഷമായി ചിന്തിക്കുന്ന യുവതലമുറയില്‍പെട്ടവരെയാണ് ‘യൂത്ത് ആന്റ് ട്രൂത്ത്’ എന്ന ക്യാംപെയിനിലൂടെ ബിജെപി നോട്ടമിടുന്നത്.

ഏകദേശം അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലിയും പൊതുയോഗവുമാണ് ബിജെപി
അമിത് ഷാ എത്തുമ്പോൾ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്ന അമിത് ഷായെ അടുത്ത് കാണാന്‍ യുവജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് പൊതുസമൂഹത്തിനിടയിലേക്ക് വ്യത്യസ്ത ക്യാംപെയിനിുമായി ബിജെപി എത്തുന്നത്.

ഇതിനായി പ്രത്യേകം ഇ പാസ് നല്‍കി സമ്മേളന വേദിയില്‍ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടത്തില്‍ ഏകദേശം അഞ്ഞൂറോളം പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഏപ്രില്‍ 27 ന് വൈകുന്നേരം 6 മണിവരെയാണ് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാനാവുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക ഗേറ്റിലൂടെ സമ്മേളന വേദിയില്‍ ക്രമീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലേക്ക് എത്താനാകും.

ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് ഗൂഗിള്‍ ഫോം പൂരിപ്പിക്കേണ്ടത്. അപേക്ഷകര്‍ നല്‍കുന്ന ഇ-മെയില്‍ ഐഡിയിലും വാട്‌സ്ആപ്പിലും ഇവര്‍ക്കായുള്ള ഇ-പാസ് അയച്ചു നല്‍കും. ഇത് ഇന്‍വിറ്റേഷനായി കണ്ട് കൈയ്യില്‍ കരുതണം. ഇതുമായി വരുന്നവര്‍ക്ക് വിഐപി ടാഗ് നല്‍കും. ശേഷം പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇരിപ്പിടത്തിലേക്ക് കയറ്റി വിടും. https://forms.gle/DLYCSv8Rn4mDTDYg9 എന്ന ലിങ്കിലൂടെയാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. സെക്യൂരിറ്റി സംബന്ധമായ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ അമിത്ഷാക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാനുള്ള അവസരവും ഒരുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഐടി സെല്‍ ജില്ലാ കണ്‍വീനര്‍ അറിയിക്കുന്നു.