എസ്ഡിപിഐയോട് മൃദുസമീപനമില്ല; പി ശശിയ്ക്ക് ഒരു അയോഗ്യതയുമില്ല: ഇപി ജയരാജൻ

single-img
20 April 2022

കേരളത്തില്‍ ലൗ ജിഹാദും നര്‍ക്കോട്ടിക ജിഹാദുമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. കഴിയുന്നത്ര പിശകില്ലാതെ മുന്നോട്ട് പോകാനാണ് പാര്‍ട്ടി ശ്രിക്കുന്നത്.

അതേപോലെ തന്നെ എസ്ഡിപിഐയോട് മൃദുസമീപനമില്ലെന്നും, വര്‍ഗീയ ശക്തികള്‍ ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ളത് സിപിഎമ്മിനെയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെ വിമര്‍ശിച്ച പി ജയരാജനും അദ്ദേഹം മറുപടി നല്‍കി. പി ശശിയ്ക്ക് ഒരു അയോഗ്യതയുമില്ല എന്ന് ജയരാജൻ പറഞ്ഞു.

പി ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചതെന്നും മറ്റുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നിലവിൽ പി ശശി സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഒരാള്‍ക്കെതിരെ ഒരു പ്രശ്‌നത്തെ അടിസ്ഥാനമാക്കി നടപടി എടുത്താല്‍ അത് ആജീവനാന്തം തുടരുന്നതല്ല.

തെറ്റുകൾ പറ്റാത്തവര്‍ ആരുമില്ല. അത് മനുഷ്യസഹജമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മുമ്പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന് പി ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തെറ്റ് ആവര്‍ത്തിക്കുമോയെന്ന് ആശങ്കയുടെ കാര്യമില്ലെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി. ഒരിക്കല്‍ പുറത്താക്കപ്പെട്ടയാള്‍ എല്ലാ കാലത്തും പുറത്താക്കപ്പടേണ്ട ആളാണെന്നത് തെറ്റായ ധാരണയാണെന്ന് ജയരാജന്‍ പരഞ്ഞു.

അതേസമയം ഇടതുമുന്നണിയിലേക്ക് യുഡിഎഫിൽ നിന്നും മുസ്ലിം ലീഗ് വരുമോ എന്നതിന് അക്കാര്യത്തില്‍ ലീഗാണ് നിലപാട് വ്യക്തമാക്കേണ്ടത് എന്ന് ജയരാജന്‍ പറഞ്ഞു. മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി ഉണ്ട്. അതിന്റെ പ്രതികരണങ്ങള്‍ ലീഗിനുള്ളിലും കാണാം. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും ഇനി ഇടത് മുന്നണിയില്‍ വന്നേക്കുമെന്നും ജയരാജന്‍ പറഞ്ഞു.