അംബേദ്കറുടെ പ്രതിമയും പാസ്വാന്റെ ചിത്രങ്ങളും റോഡരികില്‍ വലിച്ചെറിഞ്ഞു; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം

single-img
3 April 2022

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്റെ ഔദ്യോഗിക വസതി ഒഴിപ്പിച്ച കേന്ദ്രസംഘത്തിന്റെ രീതിക്കെതിരെ പ്രതിഷേധവുമായി കക്ഷി രാഷ്ട്രീയഭേദമന്യേ ബിഹാറിലെ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. മുപ്പതു വർഷത്തിൽ കൂടുതൽ കുടുംബത്തിന്റെ കൈവശമുള്ള വീട് കേന്ദ്രം ഒഴിപ്പിച്ചതില്‍ നിരാശയുണ്ടെന്ന് അന്തരിച്ച പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും ചിരാഗ് പാസ്വാനെ പിന്തുണച്ച് മുന്നോട്ട് വന്നു. ദരിദ്രരുടെ ഉപദേഷ്ടാവും വക്താവുമായിരുന്ന പാസ്വാന്റെ ഡല്‍ഹിയിലെ വസതി ഒഴിപ്പിക്കുന്നതിനിടെ കേന്ദ്ര സംഘം അംബേദ്കറുടെ പ്രതിമയും പാസ്വാന്റെ ചിത്രങ്ങളും റോഡരികില്‍ വലിച്ചെറിഞ്ഞു. ഇതിലൂടെ ഇരു നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് തേജസ്വി യാദവ് പറഞ്ഞു.

പാസ്വാന്റെ ചിത്രങ്ങള്‍ റോഡരികില്‍ വലിച്ചെറിഞ്ഞ സ്ഥാനത്ത് ഏതെങ്കിലും മതഗ്രന്ഥമായിരുന്നെങ്കില്‍ അതൊരു വര്‍ഗീയ കലാപമായി ഇതിനോടകം തന്നെ മാറിയിട്ടുണ്ടാകുമെന്ന് ജിതന്‍ റാം മാഞ്ചി പറഞ്ഞു. ബിഹാറിലെ ഭരണകക്ഷിയായ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയിലെ അംഗമാണ് അദ്ദേഹം. അംബേദ്കറുടെ പ്രതിമ റോഡില്‍ ഉപേക്ഷിച്ച് അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും മാഞ്ചി ആവശ്യപ്പെട്ടു.