മിനിമം ചാർജ് പത്ത് രൂപ; സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇടതുമുന്നണി യോഗത്തിന്റെ അനുമതി

single-img
30 March 2022

കേരളത്തിൽ ബസ് ചാർജ് വർധിപ്പിക്കും. ഇനിമുതൽ മിനിമം ചാർജ് എട്ടു രൂപയിൽ നിന്നും പത്ത് രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബസ് ചാർജ് വർധിപ്പിച്ചാൽ ഇതിന് പിന്നാലെ ഓട്ടോ, ടാക്സി ചാർജുകളും കൂട്ടുന്നതായിരിക്കും. രാജ്യത്തെ ഇന്ധന വില വർധനവും ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റവും മൂലമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു .

നിരക്ക് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബസ് ഉടമകൾ സമരം നടത്തിയിരുന്നു. ഇതിനെ തുടർന്ന് വിഷയത്തിൽ നേരത്തെ തന്നെ അനുകൂല നിലപാട് എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്.

പക്ഷെ പൊതുജനത്തിന്റെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചുള്ള തീരുമാനമാണ് ഇടതുമുന്നണി യോഗത്തിൽ ഉയർന്നു വന്നതെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.