ഇന്ധനവില വർദ്ധനവ്; ചെണ്ടകൊട്ടി മണികിലുക്കി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്

single-img
26 March 2022

രാജ്യത്തെ ഇന്ധന വില വർദ്ധനവിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ് . ഈ മാസം 31 മുതല്‍ ഏപ്രില്‍ 7 വരെയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. മൂന്നു ഘട്ടങ്ങളായുള്ള പ്രതിഷേധത്തിൽ ആദ്യ ഘട്ടം ആരംഭിക്കുന്ന മാര്‍ച്ച് 31ന് പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും വീടിന് മുന്നിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു.

എല്‍പിജി സിലണ്ടറുകൾക്ക് മേൽ ഹാരമണിയിച്ചും ചെണ്ട കൊട്ടിയും മണികിലുക്കിയുമെല്ലാം കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ഏപ്രില്‍ 2 മുതല്‍ 4 വരെ ജില്ലാ തലത്തില്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, മത, സാമൂഹിക സ്ഥാപനങ്ങള്‍ എന്നിവരുമായി കൈകോര്‍ത്ത് ധര്‍ണകളും മാര്‍ച്ചുകളും സംഘടിപ്പിക്കും.

ഏപ്രിൽ 7ന് വിവിധ സംസ്ഥാന ആസ്ഥാനങ്ങളില്‍ ധര്‍ണകളും മാര്‍ച്ചുകളും സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ 137 ദിവസം പെട്രോള്‍, ഡീസല്‍, പാചക വാതകം, പ്രകൃതി വാതകം മുതലായവയുടെ വില വര്‍ധിച്ചില്ലെന്നും കഴിഞ്ഞ ഒരാഴ്ച ജനങ്ങള്‍ക്ക് പേടിസ്വപ്‌നമാകും വിധമാണ് വില വര്‍ധനവുണ്ടായതെന്നും സുര്‍ജേവാല വിമര്‍ശിച്ചു.