പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കോടിക്ക് മേൽ; സിൽവർ ലൈൻ നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുത്: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

single-img
24 March 2022

സിൽവർ ലൈൻ/ കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ കേരള സർക്കാർ തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വളരെ സങ്കീർണമായ ഒരു പദ്ധതിയാണ് ഇതെന്നും നടപ്പാക്കുന്നതിന് മുന്നോടിയായി സാങ്കേതികവും പാരിസ്ഥിതികവുമായ പല പ്രശ്നങ്ങളും പരിഗണിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം ഇന്ന് രാജ്യസഭയിൽ പറഞ്ഞു.

ഇപ്പോൾ കേരളത്തിൽ വലിയ ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ നടക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നന്നായി ആലോചിച്ചു വേണം പദ്ധതിയുമായി മുന്നോട്ട് പോകാൻ. അതേസമയം, പദ്ധതി നടപ്പാക്കാൻ 63,000 കോടി രൂപയുടെ ചെലവുണ്ടെന്നാണ് കേരളത്തിൻ്റെ കണക്ക്. പക്ഷെ ഇത് ശരിയല്ല. റെയിൽവേ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ അനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേൽ പദ്ധതിക്ക് ചെലവാക്കേണ്ടി വരും.

അതുകൊണ്ടുതന്നെ പദ്ധതിയുടെ എല്ലാം വശവും പരിശോധിച്ച് കേരളത്തിൻ്റെ നന്മ മുൻനിർത്തിയുള്ള നല്ലൊരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും കേരളത്തിൽ നിന്നുള്ള എംപിമാരോട് റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.