പൊരുതിക്കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്‍ കിരീടം ഹൈദരാബാദിന്

single-img
20 March 2022

ഈ സീസണിലെ ഐഎസ്എല്ലില്‍ ഫറ്റോര്‍ഡയിലെ കലാശപ്പോരിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് ശക്തമായി പൊരുതിക്കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് . ടൂർണമെന്റിന്റെ ചരിത്രത്തിലെ ഹൈദരാബാദിന്‍റെ കന്നി കിരീടമാണിത്. കളിയുടെ കിക്കോഫായി ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആക്രമണത്തിന് തുടക്കം കുറിച്ചിരുന്നു. പെനാല്‍റ്റി വരെ നീണ്ട മത്സരത്തില്‍ ഹൈദരാബാദ് ഗോള്‍കീപ്പര്‍ കട്ടിമണിയുടെ തകര്‍പ്പന്‍ സേവുകളാണ് ടീമിന് കന്നിക്കിരീടം നേടിക്കൊടുത്തത്

മത്സരത്തിലെ 11-ാം മിനുറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ ലോംഗ് റേഞ്ചര്‍ ഗില്ലിന്‍റെ കൈകളിലൊരുങ്ങി. 15-ാം മിനുറ്റില്‍ ഖബ്രയുടെ ക്രോസ് പുറത്തേക്ക് പോയി. പിന്നാലെ 20-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്നുപോയി. വീണ്ടും ആല്‍വാരോ വാസ്‌ക്വസ് ഹൈദരാബാദ് ഗോള്‍മുഖത്ത് കനത്ത ഭീഷണിയൊരുക്കി. കളിയുടെ ആദ്യപകുതിയില്‍ 66 ശതമാനം പന്ത് കൈവശം വെച്ചിരുന്നത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍.

30-ാം മിനുറ്റില്‍ പോസ്റ്റിന്‍റെ വലത് ഭാഗത്തേക്ക് പതിവ് ശൈലിയില്‍ ലൂണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെങ്കിലും 69-ാം മിനുറ്റില്‍ കട്ടിമണിയയുടെ പ്രതിരോധം തകര്‍ത്ത ലോംഗ് റേഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ഇരു ടീമുകളും ആക്രമണം കടുപ്പിച്ചതോടെ 88-ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിനെ ഒപ്പമെത്തിക്കുകയായിരുന്നു.