ബിജെപിക്ക് നൽകിയ സംഭാവനയ്ക്ക് മായാവതിക്കും അസദുദ്ദീൻ ഉവൈസിക്കും പത്മവിഭൂഷണും ഭാരതരത്‌നയും നൽകണം: ശിവസേന

single-img
11 March 2022

നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിയുടെ ഭരണത്തുടർച്ചയിൽ ബിഎസ്പിക്കും എഐഎംഐഎമ്മിനുമെതിരെ വിമർശനവുമായി ശിവസേന. തെരഞ്ഞെടുപ്പിൽ മായാവതിയും അസദുദ്ദീൻ ഉവൈസിയും ബിജെപിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ടെന്ന് ശിവസേനാ നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവത്ത് ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നൽകിയ സംഭാവനയ്ക്ക് ഇരുവർക്കും പത്മവിഭൂഷണും ഭാരതരത്‌നയും നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തവണ വലിയൊരു വിജയമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നത്. ഉത്തർ പ്രദേശ് അവരുടെ സംസ്ഥാനമായിരുന്നു. എന്നാൽ പോലും അഖിലേഷ് യാദവിന്റെ സീറ്റ് മൂന്നിരട്ടി വർധിച്ചു. അത് 42ൽനിന്ന് 125 ആയാണ് ഉയർന്നത്. മായാവതിയും ഉവൈസിയും ബി.ജെ.പിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് പത്മവിഭൂഷണും ഭാരതരത്‌നയും നൽകണം-റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടൊപ്പം തന്നെ ബിജെപിയുടെ മുഖ്യമന്ത്രി ഉത്തരാഖണ്ഡിൽ തോറ്റ കാര്യവും റാവത്ത് തന്റെ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഗോവയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഇത്തവണ പരാജയം നേരിട്ടു. പഞ്ചാബിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും എല്ലാവരുമെത്തി അതിശക്തമായ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ട് തോറ്റു? ഉത്തർ പ്രദേശും ഉത്തരാഖണ്ഡും ഗോവയും നേരത്തെ തന്നെ നിങ്ങളുടേതാണ്. അതുകൊണ്ട് വിഷയമില്ല. യുപിയിൽ കോൺഗ്രസിനെയും ശിവസേനയെയും അപേക്ഷിച്ച് പഞ്ചാബിൽ നിങ്ങൾക്കാണ് വലിയ പരാജയമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.