കോടിയേരി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല; തമാശ പറഞ്ഞത് എടുത്തിട്ട് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല: കെ കെ ശൈലജ

single-img
5 March 2022

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയും പാർട്ടി സംസ്ഥാന സമിതി അംഗവുമായ കെ കെ ശൈലജ. കോടിയേരി മാധ്യമ പ്രവർത്തകരോട് പറഞ്ഞ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് അത്തരത്തിൽ ആരോപിക്കുന്നത് പറയുന്നത് ശരിയല്ലെന്നും ശൈലജ പറഞ്ഞു.

‘കോടിയേരിയെ അറിയാത്തവരായി ആരുമില്ല. അങ്ങിനെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഈ നാട്ടിൽ ആര്‍ക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശയായി പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്, അങ്ങനെയൊരു പരാമര്‍ശം ആ അര്‍ത്ഥത്തില്‍ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം,’ ശൈലജ പറഞ്ഞു.

സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് അദ്ദേഹമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം സംസ്ഥാന കമ്മിറ്റിയിലുണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, നിങ്ങള്‍ കമ്മിറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുകയാണോ എന്നായിരുന്നു കോടിയേരി മറുപടി പറഞ്ഞത്. ഇത് വിവാദമാകുകയായിരുന്നു.