മതേതര മുന്നണിക്ക് നേതൃത്വം നൽകാൻ കഴിയാത്തനിലയിൽ കോൺഗ്രസ് ദുർബലപ്പെട്ടു: സീതാറാം യെച്ചൂരി

single-img
3 March 2022

ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാൻ മതേതരശക്തികൾ ഒന്നിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പറഞ്ഞു. എന്നാൽ ഇതിന് കോൺഗ്രസിനെ മാത്രമായി അശ്രയിക്കാനാവില്ല. ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാൻ മതേതരശക്തികളുടെ ഐക്യം കൊണ്ടു മാത്രമേ കഴിയൂ. എന്നാൽ മതേതര മുന്നണിക്ക് നേതൃത്വം നൽകാൻ കഴിയാത്തനിലയിൽ കോൺഗ്രസ് ദുർബലപ്പെട്ടു. ഇടത് പാർടികളെ കൂടുതൽ ശക്തിപ്പെടുത്തി മാത്രമേ ഫാസിസത്തെ ചെറുക്കാൻ കഴിയൂ.

ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന സമ്മേളനം ചർച്ച ചെയ്യുന്ന വികസന നയരേഖ പാർടിയുടെ നയത്തിന് അനുസൃതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യവസായ പാർക്കുകൾ അടക്കമുള്ള കാര്യത്തിൽ രാജ്യത്തെ നിയമം അനുസരിച്ചുള്ള തീരുമാനങ്ങളാണ് പാർടി എടുക്കുന്നത്. സ്വകാര്യവല്‍ക്കരണം കേന്ദ്രനയമാണ്. ഒരു സംസ്ഥാനത്തിന് മാത്രമായി അതിനെ ചെറുക്കാനാകില്ല.

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ കേരളത്തിന് മാത്രമായി ചെറുക്കാനാകില്ല. എന്നാല്‍ സ്വകാര്യനിക്ഷേപം വഴി വിദ്യാഭ്യാസരംഗത്ത് വാണിജ്യവൽക്കരണം അനുവദിക്കില്ല. കെ റെയില്‍, സ്വകാര്യമേഖലയിലെ വ്യവസായപാര്‍ക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

നാറ്റോ നിലപാട് റഷ്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ നടത്തുന്ന യുദ്ധം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം വേണം. ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ മുൻകൈയെടുക്കണം.
പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം നേരത്തെതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ചടിച്ച പുസ്തകമായും പാർടി വെബ്സൈറ്റിലും അത് ലഭ്യമാണെന്നും ചോദ്യത്തിനുത്തരമായി സ. സീതാറാംയെച്ചൂരി പറഞ്ഞു.