നവകേരള നയരേഖ പാർട്ടി നയത്തിന് അനുസൃതം തന്നെ: കോടിയേരി ബാലകൃഷ്ണൻ

single-img
2 March 2022

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളത്തെ സിപിഎം സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നയത്തിന് അനുസൃതം തന്നെയെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

നവകേരളരേഖയ്ക്ക് എതിരെ നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മിൽ നയപരമായ ഭിന്നതകളില്ല. ഈ നയരേഖ പാർട്ടിയുടെ പൊതുവായ നയങ്ങൾക്ക് എതിരാണെന്ന പ്രചാരണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തുടർഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ കേരളത്തിലുണ്ട്.

നയരേഖയിൽ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് തത്പരകക്ഷികളുമാണ് ഈ ദുഷ്പ്രചാരണത്തിന് പിന്നിൽ. ജനകീയജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാർ പോലും പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്‍റെ നയവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോൾ പാവപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കണം. തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെങ്കിൽ അത് കൊണ്ടുവരും”, എന്ന് കോടിയേരി.

ഇന്നലെ വൈകിട്ട് പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നാളെ ചർച്ച ചെയ്യാനിരിക്കുകയാണ്. പാർട്ടിയ്ക്ക് അകത്തും പൊതുസമൂഹത്തിലും രേഖ ചർച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കുന്നു. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം.

വൈജ്ഞാനികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കണം. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ നിലവാരം ഉയർത്തണം. പൊതുതാത്പര്യത്തിന് തടസ്സമില്ലാത്ത തരത്തിൽ വിദേശവായ്പകൾ സ്വീകരിക്കണം. പരമ്പരാഗത വ്യവസായരംഗത്ത് ആധുനികവത്കരണം കൊണ്ടുവരണം – കോടിയേരി പറയുന്നു.