പേസ്റ്റാണെന്ന് കരുതി അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ചു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

single-img
2 March 2022

മംഗളുരുവിൽ ടൂത്ത്‌പേസ്റ്റ് ആണെന്ന് കരുതി അബദ്ധത്തിൽ എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച 17 കാരിക്ക് ദാരുണാന്ത്യം. സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തില്‍ നിന്നുള്ള ശ്രവ്യ ഫെബ്രുവരി 14 ന് ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷില്‍ അബദ്ധത്തില്‍ എലിവിഷം എടുക്കുകയായിരുന്നു. പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രവ്യ.

എന്നാൽ ഉടന്‍ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകിയിരുന്നു.
വീട്ടിൽ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിന്റെ സമീപം തന്നെ എലിവിഷവും വച്ചിരുന്നു. മുറിയിൽ ഇരുട്ടായതിനാല്‍ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്ത് പല്ല് തേച്ചു.

പിറ്റേ ദിവസം സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അവിടെ വെച്ചായിരുന്നു അന്ത്യം.