ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകി പുടിൻ

single-img
27 February 2022

രാജ്യത്തെ ആണവായുധങ്ങൾ എത്രയും വേഗം സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഉക്രൈൻ പ്രതിരോധത്തിന് പിന്തുണ നൽകിയ നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ അറിയിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റഷ്യയ്‌ക്കെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു. അതേസമയം, യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി റഷ്യയുമായുള്ള ചർച്ച സ്ഥിരീകരിച്ചു. ബെലാറസ് പ്രസിഡന്റിന്റെ ഉറപ്പിനെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. റഷ്യയുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അറിയിച്ചു. നിലവിൽ ഉക്രൈൻ പ്രതിനിധി സംഘം ചർച്ചയ്ക്ക് തിരിച്ചതായിയാണ് റിപ്പോർട്ട്.

നേരത്തെ താൻ ബെലാറസിൽ വച്ച് ചർച്ചയ്ക്ക് തയാറല്ലെന്നായിരുന്നു ഉക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞിരുന്നത്. പകരമായി തങ്ങൾക്ക് കൂടുതൽ വിശ്വാസമുള്ള വായ്‌സോ, ഇസ്‌താംബുൾ,എന്നിവിടങ്ങളിൽ എവിടെയും ചർച്ചയ്ക്ക് തയാറാണ് എന്നുമാണ് യുക്രൈൻ അറിയിച്ചിരുന്നത്.