ഉക്രൈന്‍ രക്ഷാദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്ന പേര് നല്‍കി കേന്ദ്രസർക്കാർ

single-img
26 February 2022

ഉക്രൈനിൽ നിന്നും ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്ന പേര് നല്‍കി കേന്ദ്രസർക്കാർ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഉക്രൈനില്‍ നിന്നെത്തിയവരെ സ്വാഗതം ചെയ്യുന്നുവെന്നും രക്ഷാദൗത്യം താന്‍ നേരിട്ട് നിരീക്ഷിക്കുകയാണെന്നും ജയശങ്കര്‍ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലേക്ക് തിരിച്ചെത്തിയവര്‍ക്ക് സ്വാഗതമെന്നാണ് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്. സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ ചിരിക്കുന്ന മുഖങ്ങള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഉക്രൈനില്‍ കുടുങ്ങിയ ഓരോ ഇന്ത്യക്കാരന്റേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നരേന്ദ്രമോദി ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രക്ഷാദൗത്യത്തിനുള്ള രണ്ടാമത്തെ വിമാനം ബുക്കാറെസ്റ്റില്‍ നിന്ന് നിലവിൽ പുറപ്പെട്ടതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചയോടെ ഈ വിമാനം ഡല്‍ഹിയിൽ എത്തിച്ചേരുമെന്നാണ് വിവരം.