പുടിൻ ജീനിയസ്; സമാധാനത്തിന്റെ കാവല്‍ക്കാരൻ; ഉക്രൈനിലെ പുടിന്റെ നടപടി പ്രതിഭാശാലിത്വമെന്ന് ട്രംപ്

single-img
24 February 2022

യുക്രൈനിലേക്ക് സൈന്യത്തെ വിട്ടയച്ച റഷ്യന്‍ പ്രസിഡന്റ് പുടിനെ പുകഴ്ത്തി മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുടിന്‍ ജീനിയസാണ്, സമാധാനത്തിന്റെ കാവല്‍ക്കാരനാണ്’- ഇന്ന് ഒരു ചാനല്‍ പരിപാടിയില്‍ ട്രംപ് പറഞ്ഞു. ഉക്രൈന്റെ കിഴക്കന്‍ ഭാഗത്തെ രണ്ട് മേഖലകള്‍ സ്വതന്ത്ര രാജ്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയും അങ്ങോട്ട് സൈന്യത്തെ അയക്കുകയും ചെയ്ത പുടിന്റെ നടപടി പ്രതിഭാശാലിത്വമാണെന്ന് ട്രംപ് പറഞ്ഞു.

നിലവിലെ സംഭവവികാസങ്ങള്‍ ടെലിവിഷനിലാണ് കണ്ടതെന്നും പുടിന്റെ നടപടി അതിശയകരമാണെന്നും ട്രംപ് പുകഴ്ത്തി. താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമാധാന സേനയെയാണ് പുടിന്‍ യുക്രൈനിലേക്ക് അയച്ചതെന്നും ഇതൊരു മികച്ച നീക്കമാണെന്നും ട്രംപ് ദ് ക്ലേ ട്രാവിസ് ആന്റ് ബക് സെക്‌സ്റ്റണ്‍ ഷോയില്‍ പറഞ്ഞു.

”നല്ല വിളഞ്ഞ വിത്താണ് പുടിന്‍. എനിക്കറിയാം.”പുടിനെ കുറിച്ച് ട്രംപ് പറഞ്ഞു. പുടിന്റെ സൈനിക അധിനിവേശത്തിനെതിരെ നിലപാട് എടുത്ത യു എസ് പ്രസിഡന്റ് ജോ ബൈഡനെയും ട്രംപ് വിമര്‍ശിക്കുകയും ചെയ്തു. താന്‍ ആയിരുന്നു പ്രസിഡന്റിന്റെ കസേരയിലെങ്കില്‍, പുടിനെതിരായ ഉപരോധം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ മെക്‌സിക്കന്‍ അതിര്‍ത്തി പിടിച്ചടക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാറിന് ധൈര്യമുണ്ടാവുമോ എന്നും ട്രംപ് പരോക്ഷമായി പരിഹസിച്ചു.