ഹരിദാസന്റെ കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്; ഇതുവരെ അറസ്റ്റിലായ നാല് പേരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകർ

single-img
22 February 2022

തലശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്
പോലീസ് കണ്ടെത്തിയത്.

കൊലപാതക കേസില്‍ ഇതുവരെ അറസ്റ്റിലായ നാല് പേരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ച 1.20ഓടെയാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

ജോലിക്ക് ശേഷം വീട്ടിലെത്തിയ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ടാണ് സംഘം വെട്ടിക്കൊന്നത്. കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്പി പ്രിന്‍സ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ അമല്‍ മനോഹരന്‍, വിമിന്‍ കെവി, എം സുനേഷ്, ലിജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറായ ലിജേഷ് ബിജെപി മണ്ഡലം പ്രസിഡന്റ് കൂടിയാണ്.