ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തമിഴ്‌നാട്ടിൽ ബിജെപി പോളിങ് ഏജന്റ്

single-img
19 February 2022

കര്ണാടകയ്ക്ക് പിന്നാലെ ഇപ്പോൾ തമിഴ്‌നാട്ടിലും ഹിജാബിന്റെ പേരിൽ വിവാദം. തമിഴ്‌നാട്
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇന്ന് ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന ബിജെപിയുടെ പോളിങ് ഏജന്റിന്റെ നിലപാടിനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെട്ടു. മധുരൈ ജില്ലയിൽ വേലൂരിലുള്ള പോളിംഗ് സ്‌റ്റേഷനിലായിരുന്നു സംഭവം.

ഇവിടെ വോട്ടു ചെയ്യാൻ ഹിജാബ് ധരിച്ചെത്തിയ യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്നായിരുന്നു ബിജെപി പോളിംഗ് ഏജന്റായ ഗിരിരാജൻ സ്വീകരിച്ച നിലപാട്. ഉടൻതന്നെ ഡിഎംകെയുടെയും തമിഴ്‌നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെയും പോളിംഗ് ഏജന്റുമാര്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോഴും ഗിരിരാജന്‍ തന്റെ നിലപാടിൽ ഉറച്ചുനിന്നു.

ഇതിനെ തുടര്‍ന്ന് 30 മിനിറ്റോളം പോളിംഗ് തടസപ്പെടുകയും ചെയ്തു. പിന്നാലെ പൊലീസെത്തി ഇയാളെ പോളിംഗ് ബൂത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇയാള്‍ക്ക് പകരമായി ബിജെപിയുടെ മറ്റൊരു പോളിംഗ് ഏജന്റിനെ എത്തിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍ തുടര്‍ന്നത്.