കോണ്‍ഗ്രസിലെ അവസാനിക്കാത്ത തർക്കം; പ്രതിപക്ഷ പ്രവര്‍ത്തനം ഫലപ്രദമാകുന്നില്ലെന്ന് ലീഗ്

single-img
17 February 2022

കേരളത്തിലെ കോണ്‍ഗ്രസിനുള്ളിൽ നടക്കുന്ന അവസാനിക്കാത്ത തര്‍ക്കങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുളള തര്‍ക്കം നിയമസഭയിലെ പ്രതിപക്ഷ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നത് ലീഗിനെ അസ്വസ്ഥരാക്കുകയാണ്.

കോൺഗ്രസിലെ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പലപ്പോഴും വിശ്വാസത്തിലെടുക്കാതെയുള്ള വി ഡി സതീശന്റെ നീക്കങ്ങളും പരസ്യ പ്രസ്താവനകളും യു ഡിഎഫിന്റെ മുന്നോട്ടുളള പോക്കിനെ ബാധിക്കുമെന്ന വിലയിരുത്തിലിലാണ് മുസ്ലിം ലീഗ് നേതൃത്വം ഉള്ളത്.

കേരളാ സർക്കാർ വഖഫ് ബോര്‍ഡ് പി എസ് എസിക്ക് വിട്ടതുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഫലപ്രദമായില്ലന്ന വിലയിരുത്തലും മുസ്ലിം ലീഗിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി നേരിടുന്നതില്‍ വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷം പരാജയമാണെന്ന വിലയിരുത്തലും ലീഗിനുണ്ട്.

നേരത്തെ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ പരാതിപ്പെടാനുള്ള സതീശന്റെയും സുധാകരന്റെയും നീക്കങ്ങള്‍ ആദ്യ ഘട്ടത്തിൽ തന്നെ പൊളിച്ചതും ലീഗ് തന്നെയാണ്. ഇനിയും തമ്മിലടി തുടര്‍ന്നാല്‍ തങ്ങള്‍ വേറെ വഴിനോക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടായിരുന്നു ഹൈക്കമാന്‍ഡില്‍ പരാതി പറയുന്നതില്‍ നിന്ന് സുധാകരനെയും സതീശനെയും തടഞ്ഞത്.