വയനാട് തുരങ്കപാതയ്ക്ക് 2134.50 കോടി രൂപ അനുവദിച്ച് കിഫ്ബി

single-img
16 February 2022

ജനങ്ങളുടെ ദീർഘകാല ആവശ്യമായ വയനാട് തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നു. ഈ പദ്ധതിയ്ക്ക് വേണ്ടി 2134.50 കോടി രൂപ കിഫ്ബി അനുവദിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിന്നുംചുരത്തിലൂടെയല്ലാതെ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയാണ് യാഥാര്‍ത്ഥ്യമാകുന്നത്.

ഇതോടുകൂടി താമരശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡിന് ആകെ 7.82 കിലോ മീറ്ററാണ് നീളം. കള്ളാടിയില്‍ നിന്ന് ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നിലേയ്ക്കാണ് തുരങ്കം പണിയുന്നത്. സ്വര്‍ഗം കുന്നില്‍ നിന്ന് കള്ളാടി വരെയുള്ള തുരങ്കത്തിന് 6.8 കിലോ മീറ്റര്‍ നീളമുണ്ടാകും. പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്കപാതയായി വയനാട് ടണല്‍ റോഡ് മാറും.