ഹിജാബ് ഒരു പെണ്‍കുട്ടിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമെന്ന് ഫാത്തിമ തെഹ്ലിയ; വിയോജിപ്പുമായി ജസ്ല മാടശേരി

single-img
9 February 2022

കർണാടകയിൽ നടക്കുന്ന ഹിജാബ് വിഷയത്തില്‍ വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരിയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയയും. ഹിജാബ് ഒരു പെണ്‍കുട്ടിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമാണെന്ന് ഫാത്തിമ തെഹ്ലിയ റോപ്പോർട്ടർ ടിവി സംഘടിപ്പിച്ച ചർച്ചയിൽ പറഞ്ഞപ്പോൾ ജസ്ല മാടശേരി ഇതില്‍ എതിരഭിപ്രായം രേഖപ്പെടുത്തി.

ഒരാളുടെ ചോയ്‌സ് എന്ന് പറയുന്നത് ഹിജാബ് വേണ്ടപ്പോള്‍ ധരിക്കാനും വേണ്ടെങ്കില്‍ ധരിക്കാതിരിക്കാനുമുള്ള ചോയ്‌സാണ്, മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നവര്‍ക്ക് ആ ചോയ്‌സ് ഇല്ലെന്നും ജസ്ല മാടശേരി അഭിപ്രായപ്പെട്ടു.

ഹിജാബ് എന്ന വസ്ത്രം ഒരു സ്ത്രീയില്‍ അടിച്ചേല്‍പ്പിച്ചതാണെന്നാണ് പ്രചരിപ്പിക്കുന്നത്. മുസ്ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളാമെന്നാണ് ബിജെപിയുടെ പ്രചരണം. അതുപോലുള്ള ആളുകളോട് പറയാനുള്ളത് അങ്ങനെയല്ല എന്നാണ്. ഇത് എന്റെ തെരഞ്ഞെടുപ്പാണ്. മതപരമായ ആചാരമാണെങ്കിലും അല്ലെങ്കിലും എന്റെ തെരഞ്ഞെടുപ്പാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.

അതേസമയം, ചെറിയ കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് അവരുടെ ചോയ്‌സാണോ എന്ന ചോദ്യത്തിന് അത് അവരുടെ കുടുംബം വളര്‍ത്തുന്ന രീതിയാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. നാം ജനിച്ചു വീഴുന്ന കുടുബവും പശ്ചാത്തലവും അനുസരിച്ചാണ് നമ്മുടെ ജീവിതരീതി രൂപപ്പെടുന്നത്. അങ്ങനെ വളരുമ്പോള്‍ നിങ്ങളുടെ സംരക്ഷണവും ഉത്തരവാദിത്വവും നിങ്ങളുടെ രക്ഷിതാക്കള്‍ക്കാണ്. കുട്ടികളെ മത വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല. വളര്‍ത്തുന്ന രീതിയായാണ് ഞാനതിനെ കാണുന്നത്. അങ്ങനെ വളര്‍ന്ന് നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തീരുമാനിക്കാനുളള അവകാശമുണ്ടല്ലോ, ഫാത്തിമ തഹ്ലിയ ചോദിച്ചു.

പക്ഷെ ഈ അഭിപ്രായത്തോട് ജസ്ല മാടശേരി വിയോജിപ്പ് പ്രകടിപ്പിച്ചു. ‘ഒരു കാര്യത്തിനെ സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ഉള്ളിടത്താണ് ചോയ്‌സ് എന്ന് പറയാന്‍ പറ്റുക. തന്നെ സംബന്ധിച്ച് ഹിജാബ് എന്റെ ചോയ്‌സാണ്. എനിക്കത് ഇന്നിടാം നാളെ ഇടാതിരിക്കാം. പക്ഷെ മതപ്രകാരം ഇവ ധരിക്കുമ്പോള്‍ അത് അവരുടെ ചോയ്‌സല്ല. അതവരുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട ഒന്നാണ്. അവര്‍ക്കുള്ള ചോയ്‌സ് ഹിജാബ് മഞ്ഞയാക്കണോ പച്ചയാക്കണോ ചുവപ്പാക്കണോ എന്നതിലാണ്. അല്ലാതെ ഹിജാബ് വേണ്ടെന്ന് വെക്കാനുള്ള സ്‌പേസില്ല,’ ജസ്ല മാടശേരി അഭിപ്രായപ്പെട്ടു.