ബിജെപി നേതാക്കൾ വിരട്ടിയാൽ വാല് ചുരുട്ടി മാളത്തിലൊളിക്കുന്നവരുടെ ഗണത്തിൽ എന്നെ കൂട്ടേണ്ട: കെടി ജലീൽ

single-img
5 February 2022

മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി യുഎഇകോൺസുലേറ്റിൽ നടന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും യുഎഇ നേഷണൽ ഡേ ചടങ്ങുകൾക്കുമാണ് കോൺസുലേറ്റിൽ പോയതെന്ന് മുൻ മന്ത്രി കെടി ജലീൽ. കോൺസുലർ ജനറൽ ‘സലാം’ ചൊല്ലിയാൽ മടക്കണമെങ്കിൽ മോദിജിയുടെ അനുവാദം വാങ്ങണമെന്നാണ് സുരേന്ദ്രന്റെ വാദമെങ്കിൽ അതിന് മനസ്സില്ലെന്നും ജലീൽ പറഞ്ഞു.

തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ബിജെപി നേതാക്കൾ വിരട്ടിയാൽ വാല് ചുരുട്ടി മാളത്തിലൊളിക്കുന്നവർ ഉണ്ടാകും. തന്നെ ആ ഗണത്തിൽ കൂട്ടേണ്ടന്നും മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരു ചുക്കും ചെയ്യാൻ പറ്റിയിട്ടില്ല. എന്നിട്ടല്ലേ സുരേന്ദ്രൻജീ അങ്ങ് എന്നും ജലീൽ പരിഹസിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി UAE കോൺസുലേറ്റിൽ നടന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും UAE നേഷണൽ ഡേ ചടങ്ങുകൾക്കുമാണ് കോൺസുലേറ്റിൽ പോയത്. അതിന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവായ സുരേന്ദ്രനെ വിളിക്കാൻ കഴിയാത്തത് കൊണ്ടാകും അവർ എന്നെ ക്ഷണിച്ചിട്ടുണ്ടാവുക.

കോൺസുലർ ജനറൽ ‘സലാം’ ചൊല്ലിയാൽ മടക്കണമെങ്കിൽ മോദിജിയുടെ അനുവാദം വാങ്ങണമെന്നാണ് സുരേന്ദ്രന്റെ വാദമെങ്കിൽ അതിന് മനസ്സില്ല.

മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരു ചുക്കും ചെയ്യാൻ പറ്റിയിട്ടില്ല. എന്നിട്ടല്ലേ സുരേന്ദ്രൻജീ അങ്ങ്. ബിജെപി നേതാക്കൾ വിരട്ടിയാൽ വാല് ചുരുട്ടി മാളത്തിലൊളിക്കുന്നവർ ഉണ്ടാകും. എന്നെ ആ ഗണത്തിൽ കൂട്ടേണ്ട.

മൊസാദും ഇന്റെർപോളും സിഐഎയും എല്ലാം ഒത്തുചേർന്നുളള ഒരന്വേഷണം എന്റെ കാര്യത്തിൽ നടത്താൻ കേന്ദ്ര സർക്കാറിനോട് ശുപാർശ ചെയ്യാൻ സുരേന്ദ്രൻ തയ്യാറായാൽ അതിനെ ആയിരം വട്ടം ഞാൻ സ്വാഗതം ചെയ്യും.

വിദേശ നയതന്ത്ര പ്രതിനിധികളോട് നയതന്ത്ര കാര്യങ്ങൾ സംസാരിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങേണ്ടത്. അല്ലാതെ കണ്ടാൽ മിണ്ടാനോ നയതന്ത്രപരമായതല്ലാത്ത കാര്യങ്ങൾ സംസാരിക്കാനോ ഏതൊരു പൗരനും അവകാശമുണ്ട്. അത് ലോകം മുഴുവൻ അംഗീകരിക്കുന്ന തത്ത്വമാണ്.

എക്സിക്യൂട്ടീവ് ഓഫീസുകളുടെ ഡോറുകൾക്കൊക്കെ ഹൈഡ്രോളിക് ഡോർ ക്ലോസർ വെച്ചിട്ടുണ്ടാകും. ആര് വാതിൽ തുറന്ന് അകത്ത് കടന്നാലോ പുറത്തേക്ക് പോന്നാലോ അത് താനേ അടയും. അതാണ് സുരേന്ദ്രൻജി “അടഞ്ഞ റൂം”.