കെ റെയിൽ പാടില്ലെന്ന് സര്‍ക്കാരിനോട് പറഞ്ഞിട്ടില്ല; പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല: കെ സുധാകരന്‍

single-img
2 February 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിലിന് കോണ്‍ഗ്രസ് എതിരില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ‘സിൽവർ ലൈൻ പദ്ധതിയുടെ എല്ലാ വശങ്ങളെയും കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക മാറ്റണം. ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്തത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. ഈ പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പിന്തുണയ്ക്കും.’ ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു.

നമ്മുടെ നാട്ടില്‍ ആദ്യമായി വരുന്ന ഒരു സംരംഭമാണ് കെ റെയില്‍. ആ രീതിയിൽ അതിന്റെ എല്ലാ വശങ്ങളും പഠിച്ച് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം. പദ്ധതി പാടില്ലെന്ന് ഒരിക്കലും സര്‍ക്കാരിനോട് പറഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടിയുണ്ടാകണം. ധാര്‍ഷ്ട്യം ഒഴിവാക്കണം.

പദ്ധതിയുടെ സാമ്പത്തികച്ചെലവ് സര്‍ക്കാരിന് താങ്ങാനാകില്ല. ഡിപിആറിന്റെ അഭാവം പദ്ധതിയിലുണ്ട്. അതേസമയം നിയമപരമായ ഇടപെടലുമായി മുന്നോട്ടുപോകുമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് എതിരേ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ അറിയിക്കുകയും ചെയ്തു.