ഇന്ത്യൻ ചെസ് ടീം ഉപദേശകനാകാൻ വിശ്വനാഥൻ ആനന്ദ്

single-img
29 January 2022

ഇന്ത്യയുടെ ഇതിഹാസ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീംമിന്റെ ഉപദേശകനാകും. ഈ വർഷം സെപ്തംബർ 10 ന് ചൈനയിലെ ഹാങ്‌ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് 2022 ന് മുന്നോടിയായാണ് നടപടി.

ആനന്ദും കളിക്കാരുമായുള്ള ആദ്യ സെഷൻ അടുത്ത വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എഐസിഎഫ്) ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം,ഇത്തവണത്തെ ഏഷ്യൻ ഗെയിംസിനായി എഐസിഎഫ് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഇന്റർ നാഷണൽ റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. വിദിത് ഗുജറാത്തി, പി ഹരികൃഷ്ണ, നിഹാൽ സരിൻ, എസ്എൽ നാരായണൻ, കെ ശശികിരൺ, ബി ​​അധിബൻ, കാർത്തികേയൻ മുരളി, അർജുൻ എറിഗൈസി, അഭിജിത് ഗുപ്ത, സൂര്യ ശേഖർ ഗാംഗുലി എന്നിവർ പുരുഷന്മാരുടെ ടീമിൽ ഇടം നേടി.

കൊനേരു ഹംപി, ഡി ഹരിക, വൈശാലി ആർ, ടാനിയ സച്ച്ദേവ്, ഭക്തി കുൽക്കർണി, വന്തിക അഗർവാൾ, മേരി ആൻ ഗോമസ്, സൗമ്യ സ്വാമിനാഥൻ, ഈഷ കരവാഡെ എന്നിവരിൽ നിന്നാണ് വനിതാ ടീമിനെ തെരഞ്ഞെടുക്കുന്നത്.

അഭിജിത് കുന്റെ, ദിബെയാന്ദു ബറുവ, ദിനേഷ് ശർമ എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റി ഏപ്രിലിൽ അഞ്ച് കളിക്കാരുടെ അന്തിമ പട്ടിക തീരുമാനിക്കും. ചെസ് ഇവന്റ് സെപ്റ്റംബർ 11 ന് ആരംഭിക്കുകയും രണ്ട് ഫോർമാറ്റുകളിലായി കളിക്കുകയും ചെയ്യും.