ജവാൻ റമ്മിന്റെ ഉത്പാദനം കൂട്ടണം; സർക്കാരിന് കത്തു നൽകി ബെവ്കോ

single-img
29 January 2022

സർക്കാർ പൊതു മേഖലയിൽ മദ്യോത്പാദനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ സംസ്ഥാന സർക്കാരിന് കത്ത് നൽകി. ഇതിന്റെ ഭാഗമായി ജവാൻ റമ്മിന്റെ ഉദ്പാദനം വർദ്ധിപ്പിക്കണമെന്നും മലബാർ സിസ്റ്റലരി തുറക്കണമെന്നുമുള്ള ബെവ്കോയുടെ ആവശ്യം സർക്കാർ പരിഗണിക്കാനാണ്‌ സാധ്യത. മലബാ‍‍ർ ഡിസ്റ്റലരിയിൽ സ‍ര്‍ക്കാര്‍ ബ്രാൻഡി നിര്‍മ്മിക്കണമെന്നാണ് നിലവിലെ ആവശ്യം. ഇപ്പോൾ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽ ലിമിറ്റഡിലാണ് നിലവിൽ ജവാൻ റം ഉത്പാദിപ്പിക്കുന്നത്.

ജനങ്ങളിൽ ജവാന്റെ ഉപഭോഗം വർദ്ധിച്ചെങ്കിലും കമ്പനിക്ക് ഉത്പാദനം കൂട്ടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ നാല് ലൈനുകളിലായി 7500 കെയ്സ് (63,000 ലിറ്റ‍ര്‍) മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ആകെയുള്ള 23 വെയർ ഹൗസുകൾ വഴി വിതരണം ചെയ്യുന്ന മദ്യം ഉത്പാദനക്കുറവ് മൂലം പലപ്പോഴും ആവശ്യക്കാ‍ര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതുകൊണ്ടുതന്നെ പുതിയതായി ആറ് ഉത്പാദന ലൈനുകൾക്കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. ഒരേ സമയം പത്ത് ബോട്ടിലിങ് ലൈനുകൾ പ്രവ‍ര്‍ത്തിരപ്പിക്കണമെന്നാണ് ബെവ്കോ എംഡി ശ്യാം സുന്ദറിന്റെ റിപ്പോ‍ര്‍ട്ട്. 2021 ൽ 77.84 കോടിയുടെ ജവാൻ റമ്മാണ് വിറ്റത്.