ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യം: രമേശ് ചെന്നിത്തല

single-img
25 January 2022

സംസ്ഥാന സർക്കാർ മന്ത്രിസഭാ ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ 1999 ല്‍ ഇ.കെ നായനാരുടെ കാലത്ത് നിലവില്‍ വന്ന ലോകായുക്ത നിയമത്തില്‍, ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി കൊണ്ടുവരാന്‍ ഉണ്ടായ അടിയന്തര സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ലോക്പാല്‍ സംവിധാനത്തിലുള്‍പ്പെടെ അഴിമതിക്കെതിരായുള്ള നിയമങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടണമെന്ന് വാദിച്ചിരുന്ന സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ് ജുഡീഷ്യല്‍ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നതെന്ന് ചെന്നിത്തല വിമർശനം ഉയർത്തി. നിലവിൽ മുഖ്യമന്ത്രി ചികിത്സാര്‍ത്ഥം വിദേശത്താണ് എന്ന കാര്യവും ഈ അവസരത്തില്‍ പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്.

പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായിട്ടുള്ള അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അവസാന മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തുവന്ന പത്രക്കുറിപ്പില്‍ ഇത്രയും ഗൗരവമുള്ള വിഷയത്തെ സംബന്ധിച്ച് ഒരു വരി പോലും ഇല്ല എന്നുള്ളത് ഈ തീരുമാനത്തിന് പിന്നിലെ ദുരൂഹതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഈ അനവസരത്തില്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രിയ്ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്കും എതിരായ പരാതികളാണ് കാരണമെന്ന് വ്യക്തമായെന്നും അദ്ദേഹം ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.