ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് എംഎം മണിയുടെയും രാജേന്ദ്രന്റെയും വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിൽ: കെ സുധാകരൻ

single-img
10 January 2022

ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടത് എം.എം മണിയുടെയും രാജേന്ദ്രന്റെയും വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ ഇടുക്കിയില്‍ വിളിച്ചിരുന്നതായും കോണ്‍ഗ്രസ് നേതാക്കളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ കെഎസ്യുക്കാര്‍ കത്തിയെടുത്ത് എസ്എഫ്ഐക്കാരെ കുത്താന്‍ പോയ ചരിത്രം കേരളത്തിലില്ല. നെഞ്ചത്ത് കൈവെച്ച് തനിക്ക് അത് പറയാന്‍ കഴിയുമെന്ന് കെ സുധാകരന്‍ പറഞ്ഞു. അതേസമയം, എസ്എഫ്ഐക്കാര്‍ കൊലപ്പെടുത്തിയ കെഎസ്യുക്കാരുടെ മണ്‍കൂനകള്‍ കേരളത്തിലുടനീളം കാണാന്‍ കഴിയും. അത് ജനങ്ങള്‍ വിലയിരുത്തി അക്രമികളാരെന്ന് തിരിച്ചറിയട്ടെ. സംസ്ഥാനത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എത്ര രക്തസാക്ഷികളുണ്ടായെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം.

മഹാഭൂരിപക്ഷം വരുന്ന രക്തസാക്ഷികള്‍ കെഎസ്യുക്കാരാണ്. നൂറുകണക്കിന് കെഎസ്യു പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വമാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത കോളേജുകളുണ്ട്. എറണാകുളം മഹാരാജാസില്‍ പുറത്ത് നിനന്നുള്ള സിഐടിയു ഗുണ്ടകള്‍ ഉള്‍പ്പെടെ എത്തി കെഎസ്യുക്കാരെ മര്‍ദ്ദിച്ചു. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. അക്രമികാരികള്‍ ആരാണെന്ന് കേരളം വിലയിരുത്തും. കോളേജ് ക്യാമ്പസില്‍ ആളുകള്‍ തമ്പടിച്ച് കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ചുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും കെ.സുധാകരന്‍ ആരോപിച്ചു.