ചര്‍ക്ക തിരിച്ച് ആരും സ്വാതന്ത്ര്യം നേടിയിട്ടില്ല; ഗാന്ധിയെ അധിക്ഷേപിച്ച കാളീചരണ്‍ മഹാരാജിനെ മോചിപ്പിക്കണമെന്ന് ബജ്‌റംഗ് സേന

single-img
3 January 2022

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുകയും ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തതിന് അറസ്റ്റുചെയ്യപ്പെട്ട മതനേതാവായ കാളീചരണ്‍ മഹാരാജിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേനയുടെ സമരം.

മഹാരാഷ്ട്രയില്‍ നിന്നുള്ള ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെതിരെയും നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചും മുദ്രാവാക്യം വിളിച്ച് ഇന്‍ഡോറിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു ബജ്‌റംഗ് സേന പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

മധ്യപ്രദേശിന്റെ തലസ്ഥാനമായ റായ്പൂരില്‍ ഒരു മതയോഗത്തിലായിരുന്നു കാളീചരണ്‍ വിവാദ പ്രസംഗം നടത്തിയത്. രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും ‘മോഹന്‍ദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു. അവനെ കൊന്ന നാഥുറാം ഗോഡ്സെക്ക് നമസ്‌കാരം’ എന്നുമായിരുന്നു കാളീചരണിന്റെ പ്രസംഗം.

കാളിചരണ്‍ മഹാരാജ് പറഞ്ഞത് സത്യമാണ്. അത് എല്ലാവര്‍ക്കും അറിയാം. ഗാന്ധി എന്താണ് ചെയ്തത്? ഒരു ചക്രം കറക്കി സ്വാതന്ത്ര്യം നേടാമായിരുന്നെങ്കില്‍ എല്ലാവരും അത് ചെയ്യുമായിരുന്നു. ഭഗത് സിംഗിന്റെ ത്യാഗമാണ് സ്വാതന്ത്ര്യം നേടിയത്. ചര്‍ക്ക തിരിച്ച് ആരും സ്വാതന്ത്ര്യം നേടിയിട്ടില്ല- ’ എന്ന് മാധ്യമങ്ങളോട് ബജ്‌റംഗ് സേന നേതാവ് സന്ദീപ് കുശ്വാഹ പറയുകയുണ്ടായി.