ഒമിക്രോൺ: കേരളത്തിൽ രാത്രികാല നിയന്ത്രണം; ആള്‍ക്കൂട്ടവും അനാവശ്യയാത്രകളും അനുവദിക്കില്ല

single-img
27 December 2021

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം ഏർപ്പെടുത്തി . വരുന്ന ആഴ്ചയിലെ ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ ദിവസവും രാത്രി പത്ത് മുതല്‍ പുലര്‍ച്ച് അഞ്ച് മണിവരെ നിയന്ത്രണം. കടകള്‍ രാത്രി 10 മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യയാത്രകളും അനുവദിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല.

നിയന്ത്രണം ഉള്ള ദിവസങ്ങളിലും ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. അതേസമയം, പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും.

കേരളത്തിൽ ഇപ്പോൾ 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്‌സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. തുടർന്നുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.

നിലവിൽ കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.