പിടി തോമസ് എംഎല്‍എ അന്തരിച്ചു

single-img
22 December 2021

തൃക്കാക്കര എംഎൽഎ പി ടി തോമസ്(70) അന്തരിച്ചു. അർബുദ ബാധിതനായി വെല്ലൂരിൽ ചികിത്സയിലായിരിക്കേയാണ് അന്ത്യം. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ് ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. സംഘടനയുടെ കോളജ് യൂണിയൻ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നു ജയിച്ചു. തൊടുപുഴയിൽ 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പിജെ ജോസഫിനോട് പരാജയപ്പെട്ടു.