സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം വിവാഹം ചെയ്യാതിരിക്കുന്നത് വഞ്ചനയായി കാണാനാകില്ല: ബോംബെ ഹൈക്കോടതി

single-img
22 December 2021

ഉഭയസമ്മതത്തോടെ സ്ത്രീയും പുരുഷനും ശാരീരിക ബന്ധത്തിലേർപ്പെട്ടതിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നേരത്തെ ഉണ്ടായിരുന്ന കീഴ്​കോടതി വിധിക്കെതിരായ അപ്പീൽ ഹർജിയിലാണ്​ കോടതിയുടെ പരാമർശം. സംസ്ഥാനത്തെ പാൽഘർ സ്വദേശി കാശിനാഥ് ഘരത് എന്നയാൾക്കെതിരെ ഉണ്ടായിരുന്ന കേസിൽ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്​കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

തനിക്ക് വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ബന്ധത്തിന്റെ ഒരു ഘട്ടത്തിൽ വിവാഹത്തിന് നിരസിച്ചു എന്ന് ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ യുവതി പരാതി നൽകിയിരുന്നത്. പോലീസ് ബലാത്സംഗത്തിനും വഞ്ചനയ്ക്കും 376, 417 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

കേസിൽ 1999 ഫെബ്രുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി, വഞ്ചനയ്ക്ക് കാശിനാഥിനെ ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തിൽ നിന്ന് അദ്ദേഹത്തെ വെറുതെ വിട്ടു. എന്നാൽ ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. യുവാവ് ഈ വിധിക്കെതിരെ കാശിനാഥ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

കേസ് പരിഗണിച്ചപ്പോൾ പെൺകുട്ടിയുടെ മൊഴി ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെട്ടതായി തെളിയിക്കുന്നില്ലെന്ന് ജസ്റ്റിസ് അനുജ പ്രഭുദേശായി നിരീക്ഷിച്ചു. ഇരുവരും പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ദീർഘകാലത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്നും കോടതി തുടർന്ന് പറഞ്ഞു.

സമാനമായ കേസുകളിൽ പ്രതി തെറ്റായ വിവരങ്ങൾ നൽകി യുവതിയെ പ്രലോഭിപ്പിച്ചോ വിവാഹ വാഗ്ദാനം നൽകിയോ എന്ന് തെളിയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വിധിയിൽ പരാമർശിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് പാലിക്കാതിരിക്കുകയും ചെയ്താൽ അത് വഞ്ചനയായി കണക്കാക്കാമെന്നും കോടതി വിധിയിൽ പറയുന്നു.