ഹെലികോപ്റ്റര്‍ തകര്‍ന്നതിന്റെ പിന്നില്‍ അട്ടിമറി; ബിപിന്‍ റാവത്തിന്റെത് സാധാരണ മരണമല്ലെന്ന് ടിജി മോഹൻദാസ്

single-img
11 December 2021

രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അട്ടിമറി സംശയം പ്രകടിപ്പിച്ച് ബിജെപി ബൗദ്ധിക സെല്‍ കേരളാ കണ്‍വീനര്‍ ടിജി മോഹന്‍ദാസ്. ജനറല്‍ ബിപിന്‍ റാവത്തിന്റെത് ഒരു സാധാരണ മരണമാണെന്ന് താൻ കരുതുന്നില്ലെന്ന് ടിജി മോഹന്‍ദാസ് പറയുന്നു.

സോഷ്യൽ മീഡിയയായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ടിജി മോഹന്‍ദാസിന്റെ പ്രതികരണം ഉണ്ടായത്. കുനൂരിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതിന് പിന്നില്‍ അട്ടിമറി ഉണ്ടെന്നും ഈ മരണം ഒരു സാധാരണ അപകട മരണം ആണെന്ന് താന്‍ കരുതുന്നില്ലെന്നും ടിജി മോഹന്‍ദാസ് പറയുന്നു.

”മൈനസ് 25- 30വരെ കഠിനമായ ഡിഗ്രി തണുപ്പുള്ള, അസാമാന്യമായ മഞ്ഞുളള, ഐസ്‌ക്രീമില്‍ വീണാല്‍ പുതഞ്ഞ് പോകുന്നത് പോലെ മനുഷ്യന്‍ പുതഞ്ഞ് പോവുകയും, നിരന്തരമായി മഞ്ഞുമലകള്‍ ഇടിഞ്ഞ് വീഴുകയുമെല്ലാം ചെയ്യുന്ന ഹിമാലയത്തില്‍, സിയാച്ചിന്‍ മലനിരകളിലുമെല്ലാം പറക്കുന്ന ഹെലികോപ്റ്ററുകളും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമെല്ലാമാണ് നമ്മുടേത്..

അങ്ങിനെയുള്ള അവര്‍ക്ക് ഊട്ടിയിലെ മല എന്നൊക്കെ പറഞ്ഞാല്‍ കുട്ടിക്കളിയാണ്. അവിടെ ഒരു ഹെലികോപ്റ്റര്‍, അതും മൂന്ന് സേനാ മേധാവികളേയും കോഡിനേറ്റ് ചെയ്യുന്ന അത്രയ്ക്ക് ഉന്നതനായ പട്ടാളക്കാരനായ ജനറല്‍ ബിപിന്‍ റാവത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുക എന്ന് പറഞ്ഞാല്‍ അത് അചിന്ത്യമാണ്. അതുകൊണ്ടുതന്നെ ഉറപ്പായും അട്ടിമറിയുണ്ട്” ടിജി മോഹന്‍ദാസ് പറയുന്നു.

”ഈ രാജ്യത്തെ പൗരന്മാരായ നമ്മള്‍ നമുക്ക് ചുറ്റും നടക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കണം. ആരൊക്കെയാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചത് എന്ന് നോക്കിയാല്‍ എന്താണ് അന്തരീക്ഷം എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇവരെയെല്ലാം തുറന്ന് കാണിക്കേണ്ട ചുമതലയും നമുക്കുണ്ട്. നമ്മളെല്ലാവരും ഇന്ത്യന്‍ പട്ടാളത്തിന് പിറകില്‍ അടിയുറച്ച് നില്‍ക്കേണ്ട സമയമാണിത്” അദ്ദേഹം പറഞ്ഞു. ‘ ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ഒരു സാധാരണ മരണമല്ല. അതൊരു മുന്നറിയിപ്പാണെന്നും. അതൊരു തിരിച്ചറിവാണ്. അത് എല്ലാവരും മനസ്സിലാക്കണമെന്നുംടിജി മോഹന്‍ദാസ് പറയുന്നു.