കുനൂർ ഹെലികോപ്റ്റര്‍ അപകടം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യോമസേന

single-img
11 December 2021

രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവർ മരണപ്പെട്ട കുനൂർ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം കണ്ടെത്തിയ ബ്ലാക് ബോക്‌സ് പരിശോധനയാണ് അന്വേഷണത്തില്‍ അതീവ നിര്‍ണായകമാകുക.

ഈ ബ്ലാക് ബോക്‌സിന്റെ ശാസ്ത്രീയ പരിശോധന രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കും. അതേസമയം, അന്വേഷണ വിവരങ്ങള്‍ പുറത്ത് വരുന്നത് വരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം കൂനൂരില്‍ വെച്ച് അപകടം ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്റ്ററില്‍ നിന്നുള്ള അവസാന സന്ദേശം എയര്‍ബേസിലേക്ക് ലഭിച്ചുവെന്നാണ് ലഭിച്ചിട്ടുള്ള വിവരം. അടുത്ത എട്ട് മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്ന സന്ദേശം ലഭിച്ചതിന് ശേഷമാണ് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം പൂർണ്ണമായും നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 12.15 ന് വെല്ലിങ്ടണില്‍ എത്തേണ്ട ഹെലികോപ്റ്ററുമായുള്ള ബന്ധം 12.8ന് നഷ്ടമാക്കുകയായിരുന്നു.

ഹെലികോപ്റ്റർ തകര്‍ന്ന് വീഴുന്നതിന് മുന്‍പ് അടിയന്തര സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് നേരത്തെ വ്യോമസേനയും വ്യക്തമാക്കിയിരുന്നു. മോശമായ കാലാവസ്ഥയാണോ അതോ ഏതെങ്കിലും സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തും. വ്യോമസേനാ ട്രെയിനിങ് കമാന്‍ഡിങ് മേധാവി എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിൽ ബ്ലാക് ബോക്‌സ് പരിശോധനയില്‍ ലഭിച്ചവിവരങ്ങള്‍ വെച്ച് സംഘം വിശദമായ റിപ്പോര്‍ട്ടും തയ്യാറാക്കും.