ഉത്തരേന്ത്യയില്‍ നടപ്പാക്കിയതിന് സമാനമായി കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു: എഎന്‍ ഷംസീര്‍

single-img
26 November 2021

സംസ്ഥാനത്താകെ ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അഡ്വ. എഎന്‍ ഷംസീര്‍ എംഎല്‍എ. അടുത്ത ദിവസങ്ങളിൽ ഹലാൽ വിവാദം കനക്കുന്നതിനിനിടെയാണ് ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ക്ക് എതിരെ തലശ്ശേരി എംഎല്‍എ എന്‍ എന്‍ ഷംസീര്‍ രംഗത്ത് എത്തുന്നത്.

“ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിക്കട്ടെ, ചിലത് കഴിക്കാന്‍ പാടില്ലെന്ന തിട്ടൂരമെന്തിനാണ്. ഇതിന് പിന്നില്‍ ആസൂത്രിത ശ്രമങ്ങ”ളുണ്ടെന്നും ഷംസീര്‍ പറഞ്ഞു. സിപിഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷംസീർ.

കേരളം പോലെയുള്ള മത നിരപേക്ഷമായ ഒരു സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സംഘപരിവാര്‍ തക്കം പാര്‍ത്തുനില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ എന്തിനാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് അടിക്കാനുള്ള വടി കൊടുക്കുന്നത്. അപക്വമതികളെ തിരുത്താന്‍ തയ്യാറാവണം. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും ഷംസീര്‍ കൂട്ടിച്ചേർത്തു.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ഇത് ആസൂത്രിതമാണെന്ന് പറഞ്ഞ ഷംസീർ, ഉത്തരേന്ത്യയില്‍ നടപ്പാക്കിയതിന് സമാനമായി കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായും ആരോപിച്ചു. എന്നാല്‍ അവസാനത്തെ കമ്യൂണിസ്റ്റ് കാരനും മരിച്ചുവീണതിന് ശേഷമായിരിക്കും അതിനു കഴിയുകയുള്ളു എന്നും ഷംസീര്‍ വ്യക്തമാക്കി.