കർഷകരുടെ വേദന മനസിലാക്കുന്നു; കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി

single-img
19 November 2021

കർഷക സമരം അനന്തമായി നീണ്ടുപോകവേ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രം നടപ്പാക്കിയ നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പാർലമെന്റിൽ ചർച്ച നടന്നു. പക്ഷെ ചിലർക്ക് നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ തീവ്രശ്രമം നടത്തി. ഈ നിയമങ്ങൾ ആത്മാർത്ഥമായാണ് സർക്കാർ കൊണ്ടുവന്നതെന്നും മോദി വ്യക്തമാക്കി.

ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. കർഷകൾ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ കർഷകരുടെ ഉന്നമനത്തിന് പ്രധാന്യം നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ അധികാരത്തിലെത്തിയ ശേഷം കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്നും ചെറുകിട കർഷകർക്കായി കേന്ദ്രം വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ അധിക വരുമാനം കർഷകർക്ക് ലഭിക്കാൻ പുതിയ നിയമങ്ങൾക്ക് സഹായിച്ചു.

സർക്കാർ പ്രഥമ പരിഗണന നൽകിയത് കർഷകരുടെ ക്ഷേമത്തിനാണ്. നഷ്ടപരിഹാരമായി ഒരു ലക്ഷം കോടി കർഷകർക്ക് നൽകി. മുൻ വർഷങ്ങളേക്കാൾ കാർഷിക ഉത്പാദനം വർധിപ്പിക്കാൻ കഴിഞ്ഞു. കർഷകരുടെ ക്ഷേമം പരിഗണിച്ചാണ് സർക്കാർ എല്ലാം ചെയ്യുന്നത്. താങ്ങുവില കൂട്ടി, ബജറ്റ് അഞ്ചിരട്ടി വിഹിതം വർധിപ്പിച്ചു. കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ എല്ലാം ചെയ്യുന്നുണ്ട് – പ്രധാനമന്ത്രി അവകാശപ്പെട്ടു.