പേരില്ല, നമ്പര്‍ ഓര്‍ത്തെടുക്കാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു; ട്രെയിനിന് ‘ചന്ദ്രഗിരി എക്‌സ്പ്രസ്സ്’ എന്ന് പേര് നൽകണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

single-img
17 November 2021

കർണാടകയിലെ മംഗലാപുരത്ത് നിന്നും പുറപ്പെട്ട് കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരം വരെയും തിരിച്ചും സഞ്ചരിക്കുന്ന 16347/16348 ട്രെയിനിന്ന് പേര് നല്‍കണമെന്ന് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഈ ട്രെയിനിന് ‘ചന്ദ്രഗിരി എക്‌സ്പ്രസ്’ എന്ന് പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട്ഇതിനായി കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍ മന്ത്രാലയത്തിന് കീഴിലുള്ള ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലേക്കും നല്‍കിയിട്ട് ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് എന്റെ നിയോജക മണ്ഡലമായ കാസര്‍കോട് ഉള്‍പ്പെടുന്ന കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളെയും തലസ്ഥാന നഗരമായ തിരുവനന്തപുരത്തേക്കും ബന്ധിപ്പിക്കുന്ന അഞ്ച് ട്രെയിനുകളില്‍ നാല് ട്രെയിനുകള്‍ക്ക് പേരുകളുണ്ട്. പരശുരാമന്റെയും മാവേലിയുടെയും അടക്കം പുരാണ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കുമ്പോള്‍, രണ്ട് ട്രെയിനുകള്‍ക്ക് കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള രണ്ട് പ്രദേശങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. മലബാറും ഏറനാടും.

എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് രാത്രി 8.45ന് പുറപ്പെട്ട് മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.20ന് മടങ്ങുന്ന ട്രെയിനിന് നമ്പര്‍: 16347/16348 പേരില്ല. ഈ തീവണ്ടി അതിന്റെ ലക്ഷ്യസ്ഥാനങ്ങളില്‍ മാത്രം അറിയപ്പെടുന്നു. മറ്റ് നിരവധി ട്രെയിനുകളും ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനാല്‍, അന്വേഷണത്തിലും അറിയിപ്പുകളിലും യാത്രക്കാര്‍ ആശയക്കുഴപ്പത്തിലാകുന്നു. ട്രെയിനുകളുടെ അഞ്ചക്ക നമ്പര്‍ ഓര്‍ത്തെടുക്കാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈ ആശയക്കുഴപ്പം തീര്‍ക്കാന്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്ത് ഒഴുകുന്ന ഒരു പ്രധാന നദിയുടെ പേര് കൂടി ചേര്‍ത്ത് ‘ചന്ദ്രഗിരി എക്‌സ്പ്രസ്’ എന്ന് പ്രസ്തുത തീവണ്ടിക്ക് നല്‍കണമെന്ന് എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകളില്‍ നിന്നും വളരെക്കാലമായി ഉയര്‍ന്ന ആവശ്യമാണല്ലോ .

എന്തുകൊണ്ട് ചന്ദ്രഗിരി:? ചന്ദ്രഗിരിയുടെ അര്‍ത്ഥം ‘പര്‍വതത്തിലെ ചന്ദ്രന്‍’ എന്നാണ്. ചന്ദ്രഗിരി നദി കര്‍ണാടകയിലെ പുണ്യസ്ഥലമായ തലകാവേരിയില്‍ നിന്ന് ആരംഭിച്ച് കേരളത്തിലൂടെ ഒഴുകുന്നു, ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദികളിലൊന്നാണ്. പേര് വളരെ ഹൃദ്യവുമാണ്.ഇതൊരു പുതിയ നിര്‍ദ്ദേശമായി കണക്കിലെടുത്തു പഴയ കണ്ണൂര്‍ തിരുവനന്തപുരം എക്‌സ്പ്രസ്സ് ട്രെയിനിന് ‘ചന്ദ്രഗിരി എക്‌സ്പ്രസ്സ്’ എന്ന് നാമകരണം ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു പ്രപ്പോസല്‍ ബഹു കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍ മന്ത്രാലയത്തിന് കീഴിലുള്ള ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും നല്‍കുകയുണ്ടായി.

ഈ നിര്‍ദ്ദേശത്തില്‍ അനുകൂലമായ തീരുമാനം എടുക്കുകയും 16347/16348 തീവണ്ടികള്‍ക്കു ചന്ദ്രഗിരി എക്‌സ്പ്രസ്സ് എന്ന് പേര് നല്‍കും എന്ന് പ്രതീക്ഷിക്കുന്നു.ഈ ആവശ്യത്തിലേക്കു തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യം വേണ്ട ഫോളോ അപ്പ് എന്റെ ഓഫീസില്‍ നിന്നും ഉണ്ടാകുന്നതാണ് എന്ന് അറിയിക്കുന്നുനിങ്ങളുടെരാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി (കാസര്‍ഗോഡ്)