ഫൈനലിലെ ഓസ്‌ട്രേലിയൻ സൂപ്പര്‍ഹീറോകളായി വാര്‍ണറും മാര്‍ഷും

single-img
15 November 2021

യുഎഇയിൽ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്‍റെ ആഗ്രഹങ്ങളെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ പുതിയ രാജാക്കന്‍മാരായത്. 173 റണ്‍സെന്ന സാമാന്യം വലിയ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ നേടുകയായിരുന്നു.

ഓസ്ട്രലിയക്കായി ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി ഹേസല്‍വുഡ് താരമായപ്പോള്‍ ഡേവിഡ് വാര്‍ണര്‍(38 പന്തില്‍ 53), മിച്ചല്‍ മാര്‍ഷ്(50 പന്തില്‍ 77*), എന്നിവര്‍ ബാറ്റിംഗില്‍ സൂപ്പര്‍ഹീറോകളായി. വളരെ അനായാസം സിക്‌സറുകള്‍ പാറിപ്പറന്നിരുന്ന ഇടംകൈയ്യുടെ കരുത്ത് ചോര്‍ന്നു എന്ന് വിമര്‍ശിച്ചവരെ ബാറ്റ് കൊണ്ട് തിരുത്തിയിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. അടുത്ത \ രണ്ട് മാസത്തിനുള്ളില്‍ നടക്കുന്ന താരലേലത്തിലൂടെ വാര്‍ണര്‍ ഏതെങ്കിലും ഐപിഎൽ ടീമിന്‍റെ നായകനായാലും അത്ഭുതം വേണ്ട.

‘ഓസ്‌ട്രേലിയയില്‍ കൂടുതൽ ആളുകൾക്കും എന്നോട് വെറുപ്പാണ്. എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ’- 2019ൽ ആഷസ് പരമ്പരക്കിടെയായിരുന്നു മിച്ചൽ മാര്‍ഷിന്‍റെ ഈ തുറന്നുപറച്ചിൽ. 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച കൗമാരപ്രതിഭയിൽ ആരാധകര്‍ ഏറെ പ്രതീക്ഷവച്ചെങ്കിലും പരിക്കും മോശം ഫോമും വിടാതെ പിന്തുടര്‍ന്നതോടെ ജൂനിയര്‍ മാര്‍ഷ് ടീമിന് ബാധ്യതയായി. എന്നാൽ ഈ വര്‍ഷത്തെ ടി20 പരമ്പരകളില്‍ നിന്ന് പ്രമുഖതാരങ്ങള്‍ വിട്ടുനിന്നപ്പോള്‍ ലഭിച്ച അവസരം മാര്‍ഷ് പാഴാക്കിയില്ല.