മണിപ്പൂർ ഭീകരാക്രമണം: മോദി സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുളള ശേഷി ഇല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു: രാഹുൽ ഗാന്ധി

single-img
14 November 2021

കഴിഞ്ഞ ദിവസം മണിപ്പൂരില്‍ അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുളള ശേഷി ഇല്ലെന്നും മണിപ്പൂരില്‍ സൈനിക സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലൂടെ അത് വീണ്ടും തെളിയിക്കപ്പെട്ടെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

‘നരേന്ദ്ര മോദി സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. മണിപ്പൂര്‍ സംഭവത്തിലൂടെ ഇത് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്’-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ എഴുതി. ഇതോടൊപ്പം കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തെ അനുശോചനമറിയിച്ച രാഹുല്‍ഗാന്ധി അവരുടെ ത്യാഗത്തെ രാജ്യം എല്ലാ കാലത്തും ഓര്‍ക്കുമെന്നും പറയുകയുണ്ടായി.

കഴിഞ്ഞ ശനിയാഴ്ചയാണ് 46 അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിന് നേരെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ വെച്ച് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ അസം റൈഫിള്‍സ് ചീഫ് കമാന്‍ഡന്റ് വിപ്ലവ് ത്രിപാഠിയും കുടുംബവും നാല് ജവാന്‍മാരും കൊല്ലപ്പെട്ടിരുന്നു.