സ്വന്തമായി വ്യോമസേന രൂപീകരിക്കാനൊരുങ്ങി താലിബാൻ

single-img
8 November 2021

അഫ്‌ഗാനിസ്ഥാന് സ്വന്തമായി വ്യോമസേന രൂപീകരിക്കാനും അതുവഴി സൈനികശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമാക്കി താലിബാന്‍. നേരത്തെ ഉണ്ടായിരുന്ന സര്‍ക്കാരിന്റെ വ്യോമസേനയുടെ ഭാ​ഗമായിരുന്നവരെ ഉള്‍പ്പെടുത്തിയാണ് ഇപ്പോൾ പുതിയ സേന രൂപീകരിക്കാന്‍ പദ്ധതിയിടുന്നതെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയം വക്താവ് ഖാരി സയീദ് ഖോസ്തി മാധ്യമങ്ങളെ അറിയിച്ചു.

അഷ്റഫ് ​ഗനിയുടെ ഭരണകാലയളവിൽ രാജ്യത്തെ വ്യോമ സേനാം​ഗങ്ങളായിരുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കിയിട്ടുണ്ടെന്നും ഇപ്പോൾ അവർ സ്വന്തം രാജ്യത്തെ സഹായിക്കാനായി തിരികെയെത്തി സേവനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടതായി താലിബാൻ വക്താവ് ബിലാൽ കരിമി അറിയിച്ചു.

അമേരിക്കൻ സേന അഫ്ഗാനിൽ നിന്നും പിന്മാറിയ പിന്നാലെ, താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നതിനുമുമ്പ്‌ അഫ്ഗാന്‍ സര്‍ക്കാരിന് ഇരുനൂറോളം യുദ്ധവിമാനമുള്ള വ്യോമസേനയുണ്ടായിരുന്നു. അതിൽ തന്നെ ഭൂരിഭാ​ഗവും തങ്ങള്‍ പിടിച്ചെടുത്തെന്ന് താലിബാന്‍ മുമ്പ്‌ അവകാശപ്പെടുകയും ചെയ്തിരുന്നതാണ്. അതേസമയം, തങ്ങളുടെ സംഘടനകളുടെ ഭാ​ഗമല്ലാത്ത തോക്കുധാരികളെ വാഹനത്തില്‍ കയറ്റരുതെന്ന് ടാക്സി ഡ്രൈവർമാരോട് താലിബാൻ ആവശ്യപ്പെട്ടു.