കേന്ദ്രം ഇനിയും എക്സൈസ് തീരുവ കുറയ്ക്കണം; സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി

single-img
4 November 2021

കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറച്ചതു കൊണ്ട് സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട്.

കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രം ഇനിയും എക്സൈസ് തീരുവ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.

നിലവിലെ എക്സൈസ് തീരുവ 2014നേക്കാൾ ഇരട്ടിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെ‌ലോട്ട് വ്യക്തമാക്കി.

സമാനമായി സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാൻ കഴിയില്ലെന്ന് കേരളവും വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ ഇപ്പോൾ കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കുറയ്ക്കാനാവില്ലെന്നുമാണ് കേരളത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്.