ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസുമായി കെകെ രമ

single-img
3 November 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി വടകര എംഎല്‍എ കെകെ രമ. നിയമസഭയിൽ തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യന്ത്രി മറുപടി നല്‍കുന്നില്ലെന്ന് കാണിച്ചാണ് രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.


കേരളത്തിലെ വിവിധ യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട് കെകെ രമ ചോദിച്ച വസ്തുതാപരമായ ചോദ്യങ്ങള്‍ക്ക് ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്നതുമായ കേസിലെ പ്രതികളുടെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

അതേസമയം, നിയമസഭയില്‍ ഒരു അംഗം നക്ഷത്ര ചിഹ്നമിടാതെ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി മറുപടി നിഷേധിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരെയാണ് കേരളത്തിൽ യു.എ.പി.എ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്, ഇവരുടെ പേര് വിവരങ്ങള്‍, ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും,

കേരളത്തിൽ നിലവില്‍ യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായി കഴിയുന്നവരുടെ എണ്ണം, ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍, ഇവര്‍ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി, തുടങ്ങിയവയുടെ വിശദാംശങ്ങളാണ് കെ.കെ രമ ആരാഞ്ഞത്.

അതേസമയം, കഴിഞ്ഞ കേരള നിയമസഭയില്‍ 2017 മെയ് പത്തിന് 2011 ജൂണ്‍ മാസം മുതല്‍ 2016 മേയ് മാസം വരെ കേരളത്തില്‍ യു.എ.പി.എ നിയമപ്രകാരം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ എന്ന ഇ.പി ജയരാജന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നു.