സംസ്ഥാനത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം, പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി 8 മുതല്‍ 10 വരെ മാത്രം

single-img
3 November 2021

കേരളത്തിൽ ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. രാത്രി 8 മുതല്‍ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. ഈ സമയ നിയന്ത്രണം ലംഘിച്ചാല്‍ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പടക്കംപൊട്ടിക്കലിന് നിയന്ത്രണം കൊണ്ടുവരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. നാളെയാണ് രാജ്യവ്യാപകമായി ദീപാവലി ആഘോഷങ്ങള്‍ നടക്കുക. ഇത്തവണയും കോവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങളെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശമുണ്ടായിരുന്നു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്‍’ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു.