കേന്ദ്രം ഇന്ധനവില കുറച്ചതിന് പിന്നിൽ കോൺ​ഗ്രസ് ഇടപെടൽ; പ്രതികരണവുമായി ചെന്നിത്തലയും കെ സുധാകരനും

single-img
3 November 2021

കേന്ദ്രസർക്കാർ തീരുവ കുറച്ചതിലൂടെ ഇന്ധനവില കുറച്ചതിന് പിന്നിൽ കോൺ​ഗ്രസ് ഇടപടെലെന്ന് സംസ്ഥാനത്തെ നേതാക്കൾ. സോണിയാ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി രാജ്യ വ്യാപകമായി നടത്തിയ തുടർ സമരങ്ങളുടെ ഫലമായി കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യവ്യാപകമായി കോൺഗ്രസ് പാർട്ടി നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് നടത്തിയ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും.

ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.

കേന്ദ്രസർക്കാർ പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയിൽ ഇളവ് നൽകിയിട്ടുളളത്.