റോഡ് അരികിലും പൊതു സ്ഥലങ്ങളിലും കൊടി മരങ്ങള്‍ സ്ഥാപിക്കുന്നത് എന്തടിസ്ഥാനത്തിൽ; ചോദ്യവുമായി ഹൈക്കോടതി


സംസ്ഥാനത്തെ റോഡുകളുടെ വരികയും പൊതു സ്ഥലങ്ങളിലും കൊടി മരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പൊതു ഇടങ്ങളില്‍ അനുമതിയില്ലാതെ കൊടിമരങ്ങള്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ടെന്നും കേരളാ ഹൈക്കോടതി.
ഷുഗര്‍ മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശങ്ങളുണ്ടായത്. ഈ ഹർജിയിൽ നവംബര്‍ ഒന്നിനു കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി.
കേസിൽ തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കൊടിമരങ്ങളുടെ പേരില്‍ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരിയായ അനുമതി ഇല്ലാതെ ആര്‍ക്കും കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്ന സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു.