ശോഭാ സുരേന്ദ്രനെ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കൽ; കേരളാ ബിജെപിയിൽ ഭിന്നത

single-img
8 October 2021

ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് കേരളത്തിൽ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ ഒതുക്കിയതിനെച്ചൊല്ലി ബിജെപിയിൽ ഭിന്നത. കേരളത്തിലെ ബിജെപിയുടെ വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതും പി കെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും വി മുരളീധരന്‍- കെ. സുരേന്ദ്രന്‍ ദ്വയത്തിന്റെ നീക്കമാണെന്നാണ് ആക്ഷേപം.

കേരളത്തിലെ സംഘടനാ പുനസംഘടനയിലും മുരളീധരപക്ഷത്തുള്ളവര്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചിരുന്നു. ഇതോടുകൂടി സംസ്ഥാനത്തെ ബിജെപിയിൽ കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം ശക്തരായെന്നാണ് വിലയിരുത്തല്‍. അതേസമയം, പി കെ കൃഷ്ണദാസ് പക്ഷത്തിന് വലിയ തിരിച്ചടിയാണുണ്ടായത്.

കൃഷ്ണദാസ് പക്ഷത്തെ അഞ്ചു ജില്ലാപ്രസിഡന്റുമാര്‍ക്ക് സ്ഥാനം തെറിച്ചു. പുനഃസംഘടനയിൽ വിമതശബ്ദങ്ങളെ ഒട്ടും കണക്കിലെടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച കേന്ദ്രനിര്‍ദേശം എന്നാണ് റിപ്പോർട്ടുകൾ.