ലഖിംപൂർ സംഘർഷത്തിൽ കർഷകരെ പിന്തുണച്ചു; ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും വരുണും മനേകയും പുറത്തായി

single-img
7 October 2021

യുപിയിലെ ലഖിംപൂർ ഖേരിയിൽ നടന്ന സംഘർഷത്തിൽ കർഷകർക്ക് അനുകൂലമായി നിലപാടെടുത്ത വരുൺ ഗാന്ധിയേയും മനേക ഗാന്ധിയേയും ബിജെപിയുടെ ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും ഒഴിവാക്കി.

കേന്ദ്രമന്ത്രി ഉൾപ്പെടെ ബിജെപിയുടെ നേതാക്കൾ പ്രതിയായ ലഖിംപൂർ ഖേരി സംഭവത്തിൽ വരുൺ ഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. പ്രസ്തുത സംഘർഷത്തിന്റെ ദൃശ്യങ്ങൾ രണ്ടു തവണയാണ് വരുൺ ട്വീറ്റ് ചെയ്തത്. “ഇവിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ആരെയും നടുക്കും. പോലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനത്തിന്റെ ഉടമയേയും വാഹനത്തിൽ ഇരിക്കുന്നവരേയും ഉടൻ അറസ്റ്റ് ചെയ്യണം.” എന്നാണ് വരുൺ ഒരിക്കൽ ട്വീറ്റ് ചെയ്തത്.

അതേസമയം, ലഖിംപൂർ സംഘർഷം ഖലിസ്ഥാൻ തീവ്രവാദികൾ ആസൂത്രണം ചെയ്തതാണ് എന്നായിരുന്നു ബിജെപിയുടെ ആദ്യ പ്രതികരണം. അതിനുശേഷം വിഷയത്തിൽ പ്രതികരിക്കാൻ ബിജെപി തയ്യാറായിട്ടില്ല. നിലവിൽ വരുൺ ഗാന്ധിയേയും മനേക ഗാന്ധിയേയും ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും പുറത്താക്കിയതിന് ലഖിംപൂർ ഖേരി സംഭവവുമായി ബന്ധമില്ലെന്നാണ് ബിജെപി നൽകിയിട്ടുള്ള വിശദീകരണം.