അച്ചടക്കം ബിജെപിയിൽ പരമപ്രധാനം; ലംഘിക്കാൻ ആരെയും അനുവദിക്കില്ല: കെ സുരേന്ദ്രൻ

single-img
5 October 2021

ബിജെപിയിൽ അച്ചടക്കം പരമപ്രധാനമാണെന്നും ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സംസ്ഥാനത്തെ പുതിയ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നാദാപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാർട്ടിയുടെ നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനവും കൃത്യമായി വിലയിരുത്താൻ ഇപ്പോൾ തന്നെ സംവിധാനം ഉണ്ട്. ഇനിയും പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേപോലെ തന്നെ പാർട്ടി ഭാരവാഹികൾ സമൂഹമാധ്യമങ്ങൾ ഇടപെടുമ്പോൾ അതീവശ്രദ്ധ പുലർത്തണം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം പ്ലസ്ടു-പ്ലസ് വൺ പ്രവേശനത്തിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായും സുരേന്ദ്രൻ ആരോപിച്ചു .

ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പോലും സീറ്റ് കിട്ടാനില്ല. ഈ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. കെ-റെയിൽ അശാസ്ത്രീയമായ വികസന പദ്ധതിയാണ്. ലാഭരഹിതമായതിനാൽ 10 വർഷം മുമ്പ് ഉപേക്ഷിക്കപ്പെട്ടതാണ് കെ-റെയിൽ. കെ-റെയിലിന്റെ പേരിൽ ഭൂമി എറ്റെടുക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നിക്ഷിപ്ത താത്പര്യം മാത്രമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയായ വിവാദ നായികയ്ക്ക് സംസ്ഥാന സർക്കാരിലും സിപിഎമ്മിലും വലിയ സ്വാധീനമാണുള്ളത്.

കേരളാ സർക്കാരുമായി അവർക്ക് പല ഇടപാടുകളുമുണ്ട്. മോൻസന്റെ കൊള്ളയ്ക്കും ശബരിമലയ്ക്കെതിരായ വ്യാജ ചെമ്പോലയ്ക്കും പിന്നിൽ സർക്കാരിന്റെ സഹായമുണ്ട്. മുഖ്യമന്ത്രിക്കും സർക്കാരിനും പലതും മറിച്ചുവെക്കാനുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.