നിപ: കേന്ദ്രസംഘം കോഴിക്കോടെത്തി സാമ്പിൾ ശേഖരിച്ചു

single-img
5 September 2021

സംസ്ഥാനത്ത് കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപാ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘമെത്തി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ടീമാണ് മരിച്ച പന്ത്രണ്ടുകാരന്റെ സ്ഥലം സന്ദർശിക്കുന്നത്.

ഇവിടെയെത്തിയ സംഘം വിവരങ്ങൾ ശേഖരിക്കുകയും രോഗം ബാധിക്കുന്നതിന് മുമ്പ് കുട്ടി പറമ്പിൽ നിന്നും റംബൂട്ടാൻ കഴിച്ചിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഈ സ്ഥലം സന്ദർശിച്ച കേന്ദ്രസംഘം റംബൂട്ടാൻ സാംപിളുകളും ശേഖരിക്കുകയും ചെയ്തു. ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരനാണ് നിപാ ബാധിച്ച് മരിച്ചത്.

ശക്തമായ രീതിയിലെ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക്, ഇന്നലെ രാത്രിയാണ് നിപ സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്തെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം കോഴിക്കോട്ട് ക്യാംപ് ചെയ്യുകയാണ്.