രാഷ്ട്രപതിയുടെ യു പി സന്ദര്‍ശനം മുതിര്‍ന്ന ബി ജെ പി നേതാവിനെ പോലെ; പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി

single-img
26 August 2021

രാഷ്ട്രപതി രാംനാഥ് കൊവിന്ദ് നടത്തുന്ന യു പി സന്ദര്‍ശനത്തെ വിമര്‍ശിച്ചും പരിഹസിച്ചും സമാജ്‌വാദി പാര്‍ട്ടി. രാഷ്ട്രപതി നടത്തുന്ന സന്ദര്‍ശനം വഴി രാഷ്ട്രീയ മൈലേജ് നേടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ” നമ്മുടെ രാഷ്ട്രപതിക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഇവിടെ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ നിന്ന് രാഷ്ട്രീയ മൈലേജ് നേടാനാണ് ബി ജെ പി ശ്രമിക്കുന്നത്.

ഇന്ത്യയുടെ രാഷ്ട്രപതി നടത്തുന്ന ഒരു സന്ദര്‍ശനമായി ഇത് അനുഭവപ്പെടുന്നില്ലെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, ശരിക്ക് പറഞ്ഞാല്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവിന്റെ യാത്രയാണെന്ന് തോന്നുന്നു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രപതി സ്ഥാനം പോലും വെറുതേവിടാന്‍ ബി ജെ പി തയ്യാറാകുന്നില്ല,” സമാജ്‌വാദി പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അവസാന രണ്ട് മാസത്തിനിടെയുള്ള രണ്ടാമത്തെ യു പി സന്ദര്‍ശനമാണ് രാഷ്ട്രപതി ഇപ്പോള്‍ നടത്തുന്നത്. ഈ യാത്രയില്‍ രാഷ്ട്രപതി ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയും പൂജ നടത്തുകയും ചെയ്യുമെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.