കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം രാജ്യത്തിന് മാതൃക; അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി

single-img
27 July 2021

മികച്ച രീതിയില്‍ നടത്തുന്ന കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്തിന് തന്നെ കേരളം കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു. രൂക്ഷമായ വാക്സിന്‍ ക്ഷാമം മൂലംനിലവില്‍ കേരളത്തില്‍ വാക്സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തില്‍ മന്ത്രിയെ സന്ദര്‍ശിച്ച ഇടത് എം പിമാരോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വാക്സിന്‍ ഒട്ടുംതന്നെ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്നതിന് കേരളത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വാക്സിനേഷന്റെ വേഗത കണക്കിലെടുത്ത് മുന്‍കൂറായി തന്നെ കേരളത്തിന് കൂടുതല്‍ വാക്സിന്‍ അനുവദിക്കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും മന്ത്രി എംപിമാരെ അറിയിച്ചു.

കേരളത്തെ പ്രതിനിധീകരിച്ച് എംപിമാര്‍ സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം പിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എം പിമാരായ ബിനോയ് വിശ്വം, എം വി ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.