സെസി സേവ്യർ ഒളിവിൽ തന്നെ; വീട്ടില്‍ നടന്ന പരിശോധനയിൽ രേഖകള്‍ പിടിച്ചെടുത്തു

single-img
25 July 2021

വ്യാജ അഭിഭാഷകയായി വിലസിയ സെസി സേവ്യറുടെ വീട്ടിൽ പരിശോധന നടത്തി പോലീസ്​​ രേഖകൾ പിടിച്ചെടുത്തു. അംഗീകൃതമായ നിയമബിരുദമില്ലാതെ ഏകദേശം രണ്ടരവർഷത്തോളം കോടതികളിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസിയുടെ ​വീട്ടിൽ നോർത്ത്​ സി ഐ കെ പി. വിനോദ്​കുമാറിന്റെ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​.

ഇവരുടെ നിയമപഠനവുമായി ബന്ധപ്പെട്ടതും ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ചതുമായ വിവിധസർട്ടിഫിക്കറ്റുകളുടെ പകർപ്പുകളാണ് പോലീസ് ​ പിടിച്ചെടുത്തത്​.ഇതോടൊപ്പം തന്നെ ബാർ അസോസിയേഷൻ ഭാരവാഹികളോട്​ ​സെസി സേവ്യർ അംഗത്വം നേടിയതിന്റെയും തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌​ വിജയിച്ചതടക്കമുള്ള കാര്യങ്ങളുടെ മിനിറ്റ്​സ്​ അടക്കമുള്ള രേഖകൾ തിങ്കളാഴ്​ച ഹാജരാക്കാൻ പോലീസ്​ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജാമ്യം ലഭിക്കില്ല എന്ന് ഉറപ്പായപ്പോൾ ഒളിവിൽപോയ സെസിസേവ്യറെ കണ്ടെത്തുന്നതിന്​ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. നേരത്തെ തിരുവല്ലയില്‍ പ്രാക്ടീസ് ചെയ്യുന്ന സമയം അവിടെ ഒരു യുവ അഭിഭാഷകനുമായി സെസി അടുപ്പത്തിലായിരുന്നു. സെസിയുടെ യോഗ്യത സംബന്ധിച്ച എല്ലാ കാര്യങ്ങളും അഭിഭാഷകന് അറിയാമായിരുന്നു.

അതിന് ശേഷം ആലപ്പുഴയില്‍ പ്രാക്ടീസ് ആരംഭിച്ചതോടെ സെസി മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലായി. പഴയ കാമുകനെ ഒഴിവാക്കി. ഇതില്‍ പ്രകോപിതനായാണ് പഴയ കാമുകനാണ് കാര്യങ്ങളെല്ലാം പുറത്തറിയിച്ചത്.